Tuesday, September 27, 2016

ശഫാഫ് സിലിന്‍ഡറിന്റെ ഓഫര്‍ സെപ്റ്റംബറിൽ അവസാനിക്കും


ദോഹ: ലോഹ നിര്‍മിത പാചക വാതക സിലിന്‍ഡറുകള്‍ മാറ്റി ശഫാഫ് സിലിന്‍ഡറുകള്‍ വാങ്ങുന്നവര്‍ക്കുള്ള നൂറ് റിയാല്‍ ഇളവ് ഈ മാസത്തോടെ അവസാനിക്കും.

നിലവില്‍ ശഫാഫ് ഗ്യാസ് സിലിന്‍ഡറുകള്‍ക്ക് 365 റിയാലാണ് വില. ലോഹനിര്‍മിത ഗ്യാസ് സിലിന്‍ഡറുകള്‍ കൈവശമുള്ളവര്‍ക്ക് അത് മാറ്റി ശഫാഫ് സിലിന്‍ഡറുകള്‍ വാങ്ങുകയാണെങ്കില്‍ 265 റിയാലിന് ലഭിക്കും. കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നിനാണ് പ്രമോഷന്‍ ആനുകൂല്യം ആരംഭിച്ചത്.

ശഫാഫ് സിലിന്‍ഡറുകളുമായി ബന്ധപ്പെട്ട് ഗ്യാസ് ലീക്കേജോ പൊട്ടിത്തെറിയോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഉപയോഗിക്കാനെളുപ്പവും കൂടുതല്‍ സുരക്ഷിതത്വുമാണ് ശഫാഫ് സിലിന്‍ഡറുകളുടെ പ്രത്യേകത. ഈ സിലിന്‍ഡറുകള്‍ കൂടുതല്‍ സുതാര്യമാണ്. അതുകൊണ്ടുതന്നെ എപ്പോള്‍ ഗ്യാസ് തീരുമെന്നും എപ്പോള്‍ റീഫില്ല് ചെയ്യണമെന്നതും ഉപഭോക്താക്കള്‍ക്ക് ക്യത്യമായി മനസ്സിലാക്കാനാകും.

ആറ് കിലോയുടെയും 12 കിലോയുടെയും ശഫാഫ് സിലിന്‍ഡറുകളാണ് വുഖൂദ് പുറത്തിറക്കിയിരുന്നത്. കാലിയായ സിലിന്‍ഡറിന് അഞ്ച് കിലോയാണ് ഭാരം. ഉപയോഗത്തിന് സുഖവും കനം കുറഞ്ഞതുമായ ഈ സിലിന്‍ഡറുകള്‍ക്ക് ഉപഭോക്താക്കളുടെ ഇടയില്‍ വന്‍ സ്വീകാര്യതയാണ്.

നിലവില്‍ 6,00,000 ലോഹനിര്‍മിത ഗ്യാസ് സിലിന്‍ഡറുകളാണ് വിപണിയിലുള്ളത്. ലോഹനിര്‍മിത സിലിന്‍ഡറുകളുടെ ഉപഭോഗം വിപണിയില്‍ നിന്നും പൂര്‍ണമായും പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് വുഖൂദ് പ്രമോഷന്‍ പ്രഖ്യാപിച്ചത്.

ഉപഭോക്താക്കളില്‍നിന്നും ലോഹനിര്‍മിത സിലിന്‍ഡറുകള്‍ വാങ്ങി പകരം ശഫാഫ് സിലിന്‍ഡറുകള്‍ നല്‍കാന്‍ ശഫാഫ് ചില്ലറ വില്‍പ്പന വ്യാപാരികള്‍ തയാറാകണമെന്ന് വുഖൂദ് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ലോഹ നിര്‍മിത പാചക വാതക സിലിന്‍ഡറുകള്‍ മാറ്റി ശഫാഫ് സിലിന്‍ഡറുകള്‍ വാങ്ങുന്നവര്‍ക്കുള്ള നൂറ് റിയാല്‍ ഇളവ് ഈ മാസത്തോടെ അവസാനിക്കും.