Saturday, December 3, 2016

അനധികൃത താമസക്കാര്‍ക്കെതിരെ തിരച്ചിൽ ശക്തമാക്കി


ദോഹ: അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിൽ അനധികൃത താമസക്കാര്‍ക്കെതിരെ സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വകുപ്പ് തിരച്ചിൽ ശക്തമാക്കി.

സാധാരണനിലയില്‍ വിസ കാലാവധി കഴിഞ്ഞ് മൂന്നുമാസത്തിനുശേഷവും രാജ്യത്ത് തങ്ങുന്ന വിദേശികളെ കണ്ടത്തെിയാല്‍ അറസ്റ്റ് ചെയ്യുകയും 50,000 ഖത്തര്‍ റിയാല്‍ പിഴയും മൂന്നുവര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമായി കാണുകയും ചെയ്യുകയാണ് ഖത്തറിലെ നിയമം. എന്നാല്‍, ഈ ശിക്ഷ ഒഴിവാക്കിയാണ് പൊതുമാപ്പുകാലം അനുവദിച്ചത്.

ഈ കാലയളവില്‍ അനധികൃത താമസക്കാര്‍ രാജ്യം വിടുകയോ അവരുടെ താമസ രേഖകള്‍ ശരിപ്പെടുത്തുകയോ ചെയ്യണമെന്ന കര്‍ശന നിര്‍ദേശമാണ് ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങള്‍ക്ക് നല്‍കിയത്.

കൈവശാവകാശ രേഖകള്‍ ഇല്ലാത്ത പതിനായിരത്തോളം പേര്‍ ഇതുവരെ പൊതുമാപ്പ് ആനുകൂല്യം നേടിയതായാണ് വിവരം. ഇന്ത്യയില്‍നിന്നുള്ള അപേക്ഷകര്‍ രണ്ടായിരത്തോളം വരും. ദീര്‍ഘകാലമായി ജന്മനാട് കാണാതെ കഴിഞ്ഞ മലയാളികള്‍ അടക്കമുള്ളവര്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി.

നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നായി പതിനായിരത്തോളം അപേക്ഷകര്‍ ആനുകൂല്യപ്രകാരം സ്വന്തം നാടണഞ്ഞിട്ടുണ്ട്. വിമാനക്കൂലിക്ക് പണമില്ലാത്തവര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള നടപടിക്രമങ്ങള്‍ പോലും ഗവണ്‍മെന്‍റ് ഇടപെട്ട് നല്‍കുകയുണ്ടായി.

പാസ്പോര്‍ട്ട് അല്ളെങ്കില്‍ എംബസി നല്‍കുന്ന ഒൗട്ട്പാസ്, ഓപണ്‍ എയര്‍ ടിക്കറ്റ്, അല്ളെങ്കില്‍ അപേക്ഷിച്ച തീയതി മുതല്‍ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞുള്ള ദിവസത്തേക്ക് ബുക്ക് ചെയ്ത വിമാന ടിക്കറ്റ്, ഐഡി കാര്‍ഡ് അല്ളെങ്കില്‍ വിസ കോപ്പി എന്നിവ കൈയിലുള്ളവരും കേസില്‍പെടാത്തവരുമായ പ്രവാസികളുടെ അപേക്ഷകളാണ് പരിഗണിച്ചത്.

ഏകദേശം 12 വര്‍ഷം മുമ്പാണ് ഇതിന് മുമ്പ് ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഡിസംബര്‍ 14 മുതല്‍ നടപ്പാക്കുന്ന പുതിയ വിസാ നിയമത്തിന്‍െറ മുന്നൊരുക്കമായാണ് ആഭ്യന്തരമന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്.

സ്വന്തം സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ തൊഴിലെടുകുന്നവര്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് തങ്ങളുടെ ഇഖാമ മാറ്റുകയോ ആറ് മാസത്തെ തൊഴിലെടുക്കാനുള്ള അനുമതി വാങ്ങിയിരിക്കുകയോ ചെയ്യണം. ഇഖാമ ഉണ്ടെന്ന് കരുതി എവിടെയും തൊഴിലെടുക്കാമെന്ന ധാരണ തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന തൊഴില്‍ നിയമം അനുസരിച്ച് ഇഖാമ അനുവദിച്ച തൊഴിലുകടമയുടെ കീഴിലല്ലാതെ തൊഴിലെടുത്താല്‍ തൊഴിലിനുവെച്ച കമ്പനിയും പുറത്ത് പോകാന്‍ അനുവദിച്ച കമ്പനിയും വലിയ പിഴ ഒടുക്കേണ്ടി വരും. പൊതു മാപ്പ് അവസരം ഉപയോഗപ്പെടുത്തി രേഖകള്‍ ശരിപ്പെടുത്താന്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നിരവധി തവണ ഇക്കാലയളവില്‍ അധികൃതര്‍ നല്‍കിയിരുന്നു.

85 ശതമാനം അനധികൃത താമസക്കാര്‍ ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന നിഗമനത്തിലാണ് ആഭ്യന്തര വകുപ്പ്. ബാക്കി വരുന്ന പതിനഞ്ച് ശതമാനത്തെ പിടികൂടാന്‍ പ്രയാസമുണ്ടാകില്ലയെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ രണ്ടുമുതല്‍ കൈവശരേഖകള്‍ ഇല്ലാത്ത വിദേശികളെ കണ്ടത്തൊന്‍ കര്‍ശന പരിശോധനകള്‍ ആരംഭിച്ചു. ഇനി അനധികൃത താമസക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വകുപ്പ് മേധാവി വ്യക്തമാക്കി.

മാത്രമല്ല പിടികൂടുന്നവരെ രാജ്യത്തെ ശിക്ഷാ നിയമം അനുസരിച്ച് കോടതിയില്‍ ഹാജറാക്കി നിയമ നടപടി സ്വീകരിക്കുമെന്ന് ശക്തമായ മുന്നറിയിപ്പും സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വിഭാഗം നല്‍കിയിട്ടുണ്ട്. വിവിധ മാര്‍ക്കറ്റുകളിലും ആളുകള്‍ തിങ്ങി കൂടുന്ന സ്ഥലങ്ങളിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വിഭാഗം മാര്‍ക്കറ്റുകളിലും ആളുകള്‍ തിങ്ങി കൂടുന്ന സ്ഥലങ്ങളിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.