Tuesday, January 17, 2017

എം.എം.അക്ബര്‍ ഇവിടെയുണ്ട് ഖത്തറിൽ



ദോഹ : ജനുവരിയിൽ അറസ്റ്റ് ഉണ്ടാകും എന്നു മുൻകൂട്ടി അറിഞ്ഞു ഡിസംബർ ആദ്യത്തിൽ വിദേശത്തേയ്ക്ക് ആരുമറിയാതെ എം.എം.അക്ബർ മുങ്ങി എന്ന പത്രവാർത്തകളോട് അദ്ദേഹം പ്രതികരിക്കുന്നു.

"പോലീസിനെ പേടിച്ച് ഞാന്‍ മുങ്ങിനടക്കുകയാണെന്ന് മാധ്യമവാര്‍ത്തകളിലൂടെയാണ് ഞാന്‍ അറിഞ്ഞത്! ഞാന്‍ എന്തിന് മുങ്ങിനടക്കണം? ഇസ്‌ലാമിക പ്രബോധനമെന്ന 'കുറ്റകൃത്യ'മല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല.

സാമൂഹ്യബോധവും രാഷ്ട്രസേവനത്തിന് താല്‍പര്യവുമുള്ള അടുത്ത തലമുറയെ വാര്‍ത്തെടുക്കുവാനായി കുറച്ച് സ്‌കൂളുകള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കുകയും അവ നടത്തുവാന്‍ മുന്നില്‍ നടക്കുകയും ചെയ്തുവെന്നതാണ് പിന്നെ ഞാന്‍ ചെയ്ത 'പാതകം'! ഫാഷിസത്തിന്റെ നാവുകളായി മാധ്യമങ്ങള്‍ മാറുന്ന ലോകത്ത് ഭരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്തതെല്ലാം തിന്മകളായിത്തീരുമെന്ന് നിരീക്ഷിച്ച വില്‍ഹം റീഹിനെ ഓര്‍മവരുന്നു.

സ്വയം നിര്‍മിച്ച അളവുകോലുകളാല്‍ നന്മ-തിന്മകളെ വ്യവഛേദിക്കുന്ന നിയമപാലനവും മാധ്യമപ്രവര്‍ത്തനവും കൈകോര്‍ക്കുന്ന ആസുരകാലത്ത് ഏത് ആടിനെയും ആദ്യം പട്ടിയായും പിന്നെ പേപട്ടിയായും മാറ്റി തല്ലിക്കൊല്ലുവാന്‍ എളുപ്പമായിരിക്കാം.

പക്ഷെ, മണ്ണിലും വിണ്ണിലുമെല്ലാം പുലരുക സര്‍വശക്തന്റെ നീതിയാണെന്ന് വിശ്വസിക്കുന്നവരെ ഭയപ്പെടുത്തുവാന്‍, ഈ കുതന്ത്രങ്ങള്‍ക്കൊന്നും കഴിയുകയില്ല. പ്രവാചകന്മാരുടെയും അനുചരന്മാരുടെയും ചരിത്രങ്ങളില്‍ നിന്ന് നാം പഠിക്കേണ്ടത് ആ പാഠമാണല്ലോ?

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എന്റെ പ്രധാനപ്പെട്ട സേവനമേഖല ഖത്തറാണ്. ഞാന്‍ ഒരു എന്‍.ആര്‍.ഐ ആണെന്നര്‍ഥം. കാസര്‍ക്കോടില്‍ നിന്ന് കാണാതായ ഇരുപത്തിയൊന്നുപേരില്‍ നാലുപേര്‍ പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് കണ്ടെത്തുകയും അതെ കുറിച്ച അന്വേഷണമാരംഭിക്കുകയും ചെയ്തപ്പോള്‍ പോലീസ് ചോദ്യംചെയ്യലുകള്‍ക്ക് മറുപടിപറയാന്‍ ഖത്തറില്‍ നിന്നാണ് ഞാന്‍ കേരളത്തിലെത്തിയത്.

കാസര്‍ക്കോട്, കോഴിക്കോട്, എറണാംകുളം ജില്ലകളില്‍ നിന്നുള്ള പോലീസുദ്യോഗസ്ഥന്മാരും ഐ.ജി മുതല്‍ എന്‍.ഐ.എ വരെയുള്ള അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥന്മാരും എന്നെ മാറിമാറി ചോദ്യം ചെയ്തതാണ്. മണിക്കൂറുകളോളമുള്ള ചോദ്യംചെയ്യലുകളില്‍ നിന്ന് അവര്‍ക്കൊന്നുംതന്നെ എന്നില്‍ ഭീകരതയുണ്ടെന്ന് തോന്നുകയോ അത്തരം നടപടികളിലേക്ക് അവര്‍ തിരിയുകയോ ചെയ്തിട്ടില്ല.

പീസ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഒരു ഇസ്‌ലാമിക പാഠപുസ്തകവുമായി ബന്ധപ്പെട്ട ആരോപണമുണ്ടായപ്പോള്‍ അതെകുറിച്ച് വിശദീകരിക്കാനായി എറണാംകുളം പ്രസ്‌ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കാനായും ഞാന്‍ പോയത് ഖത്തറില്‍ നിന്നായിരുന്നു.

മണിക്കൂറുകള്‍ നീണ്ടുനിന്ന മാധ്യമവിചാരണക്ക് ഞാന്‍ അന്ന് വിധേയനായി. എന്നിലൊരു ഭീകരവാദിയുണ്ടെന്ന് അന്ന് മാധ്യമങ്ങള്‍ക്കൊന്നും തോന്നിയിട്ടില്ല. എന്നാല്‍, ഇസ്‌ലാമിക പ്രബോധനം ഭീകരതയാണെന്ന് വരുത്തണമെന്ന് ലക്ഷ്യത്തോടുകൂടിയുള്ള ഉദ്യോഗസ്ഥ-മാധ്യമ കൂട്ടുകെട്ടിന്റെ നീക്കങ്ങളാണ് പിന്നീട് നാം കണ്ടുകൊണ്ടിരിക്കുന്നത്.

അതിന്റെ ഒടുവിലത്തെ നീക്കമാണ് ഞാന്‍ മുങ്ങിയെന്ന വാര്‍ത്ത. 'പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് റെയ്ഡ്; എം.ഡി വിദേശത്തേക്ക് കടന്നു' എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്! പീസ് ഫൗണ്ടേഷന്റെ ആസ്ഥാനം കോഴിക്കോടാണ്. അവിടെ അങ്ങനെയൊരു റെയ്ഡ് ഇതേവരെ നടന്നിട്ടില്ല.

എറണാംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ ഒപ്പിട്ടു തന്ന അപേക്ഷ പ്രകാരം പീസ് ഫൗണ്ടേഷന്‍ ജീവനക്കാര്‍ പീസ് ട്രസ്റ്റ് ഡീഡ്, 'Peace' ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എറണാകുളം ട്രസ്റ്റുമായിയുള്ള MoU എന്നീ രേഖകളുടെ പകര്‍പ്പ് നല്‍കിയിരുന്നുവെന്നല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. അവര്‍ എന്നെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞാന്‍ ഖത്തറിലാണെന്ന വിവരവും നല്‍കിയിരുന്നു. ഇതെങ്ങനെയാണ് റെയ്ഡും വിദേശത്തേക്കുള്ള കടക്കലുമാവുക!

ഇസ്‌ലാമിക പ്രബോധനത്തെ കുറ്റകൃത്യമായും മുസ്‌ലിം സ്ഥാപനങ്ങളെ ഭീകരതാഉല്‍പാദന കേന്ദ്രങ്ങളായും അവതരിപ്പിച്ച് ഇസ്‌ലാം ഭീതിയുണ്ടാക്കുകയും അതിന്റെ മറവില്‍ ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിന് വളരാന്‍ മണ്ണൊരുക്കുകയും ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഒരിക്കല്‍കൂടി വ്യക്തമാവുകയാണിവിടെ...."അദ്ദേഹം പറഞ്ഞു നിറുത്തി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ജനുവരിയിൽ അറസ്റ്റ് ഉണ്ടാകും എന്നു മുൻകൂട്ടി അറിഞ്ഞു ഡിസംബർ ആദ്യത്തിൽ വിദേശത്തേയ്ക്ക് ആരുമറിയാതെ എം.എം.അക്ബർ മുങ്ങി എന്ന പത്രവാർത്തകളോട് അദ്ദേഹം പ്രതികരിക്കുന്നു.